കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ ഹർജിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമിന് ഹൈക്കോടതി വിമർശനം. നേരിട്ട് ഹാജരാകാനുള്ള കോടതി ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ വഴി അവധി അപേക്ഷ നൽകിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. ഇത് സംസ്ഥാനത്തെ ഉന്നത കോടതിയാണെന്നും വില്ലേജ് ഓഫീസല്ലെന്നും ജസ്റ്റീസ് ബദറുദ്ദീൻ വിമർശിച്ചു.
ഇത്തരം നടപടി ആവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനമെടുത്തത് അറിയിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്.
പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി നിർദേശം. എന്നാൽ ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. അതേസമയം എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരനായ ദിപിൻ എടവനയോട് ഹൈക്കോടതി നിർദേശിച്ചു.
മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന കോടതിയെ സമീപിച്ചത്. യൂണിഫോം ധരിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതെന്നും ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹർജിയിലുള്ളത്.